Saturday, March 5, 2011

ഞാന്‍ ഇലക്ഷനില്‍ മത്സരിക്കുന്നില്ല

അടുത്തു വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എനിക്ക് വ്യക്തിപരമായ ആഗ്രഹം ഇല്ല.കഴിഞ്ഞ നാല് പതിറ്റാണ്ടായി എം.എല്‍.എ, മന്ത്രി എന്നീ സ്ഥാനങ്ങള്‍ വഹിച്ച എനിക്ക് സ്ഥാനമാനങ്ങളില്‍ താല്‍പ്പര്യം ഇല്ല.എങ്കിലുംഞങ്ങളുടെ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ഹൈ പവര്‍ കമ്മറ്റി നിര്‍ബന്ധിച്ചാല്‍ മാത്രം ഞാന്‍ മത്സരിക്കും.

കഴിഞ്ഞ തവണ ഞങ്ങളുടെ പാര്‍ട്ടിക്ക് ലഭിച്ച രണ്ടു സീറ്റുകളില്‍ ഞാനും,മകനും മത്സരിച്ചു തോറ്റതുകൊണ്ട് ഇത്തവണ നാല് സീറ്റുകള്‍ വേണം എന്ന് മുന്നണിയില്‍ ശക്തമായി വാദിക്കും.പാര്‍ട്ടിയുടെ യുവജന വിഭാഗത്തെ ദേശിയ തലത്തില്‍ നയിക്കുന്ന ചെറുമകനും , മഹിളാ വിഭാഗത്തെ നയിക്കുന്ന മരുമകളും ഇത്തവണ മത്സരിക്കാന്‍ അര്‍ഹരാണ്.പാര്‍ട്ടി ഹൈ പവര്‍ കമ്മറ്റി നിര്‍ദേശിച്ചാല്‍ അവരും മത്സര രംഗത്ത് ഉണ്ടാവും.അങ്ങനെ യുവാക്കള്‍ക്കും വനിതകള്‍ക്കും കൂടുതല്‍ അവസരം കൊടുക്കും.ചെയര്‍മാന്‍ ഒഴികെ നാല് തവണ മത്സരിച്ചവരെ ഇത്തവണ ഒഴിവാക്കണം എന്നത് പാര്‍ട്ടി നയവുമാണല്ലോ.

പ്രായം ഒരിക്കലും രാഷ്ട്രീയ പ്രവര്‍ത്തനത്തിനോ, ഇലക്ഷനില്‍ മത്സരിക്കുന്നതിനോ തടസമല്ല.നാല് വര്ഷം മുമ്പ് എണ്‍പത് വയസു കഴിഞ്ഞ എന്റെ ശബ്ദത്തിനു വ്യക്തത ഇല്ലാത്തത് പ്രായമേറുമ്പോള്‍ സാധാരണ സംഭവിക്കുന്നതാണ്.പിന്നെ കൈക്ക് അല്‍പ്പം വിറയലും ഉണ്ട്. അതൊന്നും ഇലക്ഷനില്‍ മത്സരിക്കാന്‍ ഒരിക്കലും തടസമാവില്ല. എഴുപത്തി എട്ടാം വയസില്‍ മരിക്കുന്നത് വരെ മഹാത്മാ ഗാന്ധി ജനങ്ങളെ സേവിക്കാന്‍ മുന്നില്‍ തന്നെ ഉണ്ടായിരുന്നു എന്നോര്‍ക്കുക.

എന്റെ സ്ഥിരം മണ്ഡലത്തിലെ വോട്ടറുമാര്‍ 'കൊച്ചാപ്പി ചേട്ടന്‍' മത്സരിക്കണം എന്ന് നിര്‍ബന്ധിച്ചാല്‍ എനിക്ക് മാറി നില്‍ക്കാനാവില്ല.

കഴിഞ്ഞ അഞ്ചു വര്ഷം കേരളം ഭരിച്ചു മുടിച്ച ഭരണ മുന്നണി ഇലക്ഷന്‍ അടുത്തപ്പോള്‍ എനിക്കെതിരെ അഞ്ചോളം അഴിമതി കേസുകളും, എന്റെ മകനെതിരെ സ്ത്രീ പീഡന കേസും കുത്തിപൊക്കി വന്നത് രാഷ്ട്രീയ ലാക്കോടെ ആണ്. അതവരുടെ രാഷ്ട്രീയ പാപ്പരത്വം തെളിയിക്കുന്നു.അതിനു ഞങ്ങള്‍ ഇലക്ഷനിലൂടെ മറുപടി പറയും.

നാടകത്തില്‍ അഭിനയിക്കുന്നവര്‍ സ്റ്റേജില്‍ കിടന്നു മരിക്കണം എന്ന് ആഗ്രഹിക്കുന്നത് പോലെ എനിക്കും എം.എല്‍.എ ആയി തന്നെ മരിക്കാന്‍ ആണ് ആഗ്രഹം.

അടുത്ത വരുന്ന നിയമസഭ ഇലക്ഷനില്‍ മത്സരിക്കാന്‍ എനിക്ക് വ്യക്തിപരമായ ആഗ്രഹം ഇല്ല .
പിന്നെ പാര്‍ട്ടി നിര്‍ബന്ധിച്ചാല്‍.......

1 അഭിപ്രായങ്ങള്‍ ( comments ):